മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി വിളവിൻകോട് സ്വദേശി സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിർവഹിക്കുന്നത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികൾക്ക് നൽകും.ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കണ്ണുകൾ എന്നിങ്ങനെയാണ് ദാനം നൽകിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു.
തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ ശേഖർ. ഭാര്യയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദന വന്നതിനെ തുടർന്ന് അവിടത്തെ ആശുപത്രിയിലും നവംബർ 21ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ചികിത്സകൾ തുടരവേ നവംബർ 24ന് മസ്തിഷ്ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോർജ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവയവങ്ങൾ വിന്യസിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് അല്പസമയത്തിനകം വായു മാർഗം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി.