ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച്, രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി.
തൃശൂർ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു പരിഗണിച്ചത്. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി.
സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സിംഗിൾ ബഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലുണ്ടായിരുന്നത്.