യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അനാവശ്യമായി പുറത്തിറങ്ങരുതെന്നും അത്യാവശ്യത്തിന് യാത്ര നടത്തുന്ന വാഹനയാത്രക്കാർ ഗതാഗത മിർഗനിർദേശങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും നിർദേശത്തിലുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് വിവിധ എമിറേറ്റുകളിലെ സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ പഠനമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ സർക്കാർ ജീവനക്കാർക്ക് ഓൺലൈനായി ജോലി ചെയ്യാനും അനുമതി നൽകി.
മഴയേത്തുടർന്നുള്ള അപായങ്ങൾ ഒഴിവാക്കുന്നതിനായി ദുബായിലെ പൊതുപാർക്കുകളും ബീച്ചുകളുമെല്ലാം അടച്ചിട്ടുണ്ട്. അതോടൊപ്പം റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ ഓരോ എമിറേറ്റിലെയും നഗരസഭകൾ സ്വീകരിച്ചുവരികയാണ്. ഇന്നലെ മുതൽ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ സാമാന്യം ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ അർധരാത്രി മുതൽ അബുദാബിയുടെ അൽ ദഫ്റ മേഖലയിലും മഴ തുടരുകയാണ്. അബുദാബി മുതൽ ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വരെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഇന്ന് മഴ ശക്തമാകും.