അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ്. ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ടെറസ്ട്രിയൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിന് വേണ്ടി കോപ്പറിന് പകരം ഫൈബർ കേബിളുകൾ ഉപയോഗിച്ച് രാജ്യത്തെ ടെലികോം നെറ്റ്‌വർക്ക് നവീകരിക്കുമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
രാജ്യം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ശക്തമായ അടിത്തറ ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ കേബിൾ ജോലികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ സേവനദാതാക്കൾക്ക് മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മേഖലയിലെ ഐ.ടി ഹബ് ആയും നോളജ് എക്കോണമിയായും വളരാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പുതിയ നീക്കം ഏറെ സഹായകരമാകുമെന്നും വിലയിരുത്തുന്നു.
അതേസമയം കുവൈറ്റിലെ 34 പ്രദേശങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ഇന്റർനെറ്റും ആശയവിനിമയ സംവിധാനവും ലഭ്യമാക്കുവാനുള്ള ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പുതിയ സംവിധാനം വരുന്നതോടെ വിദൂരമായ പ്രദേശങ്ങളിൽ പോലും ഒപ്റ്റിക്കൽ ഫൈബർ കേബിളെത്തുമെന്നാണ് കരുതുന്നത്.