മസ്കത്തിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ജനുവരി 21ന് ആരംഭിക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ സ്കൂളിലെത്തേണ്ട ആവശ്യമില്ലെന്നും ഇന്ത്യൻ സ്‌കൂൾസ് ബോർഡ് വെബ്സൈറ്റ് വഴി ഓൺലൈനിലൂടെയാണ് വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകുകയെന്നും ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
2024 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിൻ്റർഗാർട്ടൻ പ്രവേശനത്തിന് അർഹത ലഭിക്കുക. കുട്ടികളുടെ അഡ്‌മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റെസിഡന്റ് വിസ ആവശ്യമാണ്. ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കുന്നതെങ്കിലും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആന്റ് സ്പെഷ്യൽ എജ്യുക്കേഷനിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
രേഖകൾ സമർപ്പിക്കുന്നതും ഫീസ് അടക്കുന്നതുമെല്ലാം ഈ വർഷം മുതൽ ഓൺലൈൻ സംവിധാനമാണ് രക്ഷിതാക്കൾ ഉപയോഗിക്കേണ്ടത്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫെബ്രുവരി 24 ആണ് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി. മസ്‌കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്.