ഓൺലൈൻ വഴി അപരിചിതർക്ക് പണം കൈമാറുന്നതിനെതിരേ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓൺ ലൈൻ വഴി യാചനാത്തട്ടിപ്പുകൾ പെരുകിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. റമസാനിൽ ജനങ്ങളുടെ സഹായ മനോഭാവം ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങളാണ് വ്യാപകമായതെന്നും പൊലീസ് അറിയിച്ചു.
യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടെന്നും മക്കളെ പോറ്റാൻ വഴിയില്ലെന്നും മറ്റുമാണ് ഈ സംഘങ്ങൾ വിഡിയോ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി സന്ദേശങ്ങൾ അയച്ചും ചിലർ പണം തട്ടാൻ ശ്രമം നടത്തുന്നുണ്ട്. ഭിന്നശേഷിക്കാരാണെന്ന് വ്യക്തമാക്കിയും ചിലർ സമീപിക്കാറുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
യാചകരെപ്പൊലെ തന്നെ പണം കൈമാറി പ്രോത്സാഹിപ്പിക്കുന്നതും കുറ്റകൃത്യത്തിൻ്റെ പരിധിയിൽ വരുമെന്നും അബുദാബി പൊലീസ് പറഞ്ഞു. യുഎഇയിൽ ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും പൊലീസ് ഓർമിപ്പിച്ചു. ഓൺലൈൻ ഭിക്ഷാടനം നടത്തുന്നവർക്ക് 6 മാസം തടവും 50,000 റിയാൽ അഥവ 10 ലക്ഷം രൂപവരെ പിഴയും ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനും വ്യക്തമാക്കി. പള്ളികൾക്കു സമീപം ഭിക്ഷാടനം നടത്തുന്നവർക്ക് 3 മാസം തടവും 5,000 ദിർഹവുമാണ് ശിക്ഷ വിധിക്കുക.