സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിർഹമാക്കി കുറച്ചു. ജൂലൈ 21 വരെ ബുക്ക് ചെയ്യാം. ഒക്ടോബര്‍ 15 വരെ യാത്രാ കാലവധിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
‘വൺ ഇന്ത്യ, വൺ ഫെയർ’ എന്ന പേരിൽ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. 35 കിലോ ലഗേജ് അലവന്‍സും അനുവദിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലാക്കാണ് കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാവുക. ഷാര്‍ജയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ് ഈടാക്കുന്നത്.
കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി എന്നീ ഗൾഫ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിൽ നിന്നും 500 റിയാലിനും ഒമാനിൽ നിന്നും 37 റിയാലിനും ഇന്ത്യയിലെത്താം. അതേസമയം കുവൈത്തിൽ 36.65 ദിനാറും, ഖത്തറിൽ 499 റിയാലും ബഹ്റൈനിൽ 60.3 ദിർഹവും ഈടാക്കും. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.