വ്യാജ വെബ്സൈറ്റുകൾ മുഖേന ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിന്റെ പേരിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. നിലവിൽ ഇത്തരത്തിലുള്ള ഒരു കമ്പനിയുടെ വ്യാജ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റോയൽ ഒമാൻ പോലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓൺലൈനിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
കമ്പനിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് റിസർവേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഉപയോക്താവിന്റെ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കും. ഇതുവഴിയാണ് അക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് ഡേറ്റയോ പങ്കിടരുതെന്ന് റോയൽ ഒമാൻ പൊലീസ് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.
അതേസമയം ഓൺലൈൻ ബാങ്കിങ് മേഖലയിൽ നടക്കുന്ന തട്ടിപ്പിനെതിരെ പോലീസ് ബോധവത്കരണം ശക്തമാക്കിയിരുന്നു. ഇതോടെ പുതിയ രീതികളാണ് സംഘം തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന വ്യാജേന ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു സംഘം ഉപയോഗിച്ചിരുന്നത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നു എന്നും മൊബൈലിലേക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റുവിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടും തട്ടിപ്പുകൾ നടന്നിരുന്നു.