ജീവിത നിലവാര സൂചികയിൽ ഏഷ്യയിലെ ഏറ്റവും മികച്ച രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഒമാൻ. ആഗോള തലത്തിൽ ജീവിതച്ചെലവുകൾ വിശകലനം ചെയ്തുകൊണ്ട് ‘നംബിയോ’ വെബ്സൈറ്റ് പുറത്തുവിട്ട അർധവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ പട്ടികയിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനമാണ് സുൽത്താനേറ്റ് നേടിയിട്ടുള്ളത്.
ഒരു പ്രത്യേക രാജ്യത്തോ നഗരത്തിലോ താമസിക്കുന്ന വ്യക്തികളുടെ ആകെ ക്ഷേമത്തിന്റെ വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തൽ അടിസ്ഥാനമാക്കിയാണ് ജീവിതനിലവാര സൂചിക തയ്യാറാക്കുകയും. സൂചികയിൽ ശ്രദ്ധേയമായ 184.8 പോയന്റ് സ്കോർ ആണ് ഒമാൻ നേടിയത്. ലക്സംബർഗ്, ഐസ്ലൻഡ്, നെതർലൻഡ്സ്, ഡെന്മാർക്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് രാജ്യങ്ങളാണ് ആഗോളതലത്തിൽ യഥാക്രമം ആദ്യ ആറു സ്ഥാനങ്ങളിലായി ഉള്ളത്.
ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയത് രാജ്യത്തിന്റെ ജീവിതനിലവാര സൂചികയിലെ ഉയർച്ചക്ക് കാരണമായതായി വിലയിരുത്തുന്നു. കൂടാതെ ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതും അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുടെ സാന്നിധ്യവും സൂചികയിൽ ഒമാന്റെ ഒന്നാം സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം പട്ടികയിൽ യു.എ.ഇയ്ക്ക് 15 ആം സ്ഥാനമാണുള്ളത്. ഖത്തറിന് 19, സൗദി അറേബ്യയ്ക്ക് 32, കുവൈറ്റിന് 45 എന്നിങ്ങനെ ആണ് സ്ഥാനങ്ങൾ.