യാത്രക്കാർക്ക് ആശ്വാസമായി വേനൽക്കാല ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ. പ്രാദേശിക, ഗൾഫ്, അറബ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഫാർ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40-ഓളം സർവീസുകളാണ് ഒമാൻ എയർ നടത്തുക.
ഗൾഫ് മേഖലയിലെ ദുബായ്, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം, ബഹ്റൈൻ, അമ്മാൻ എന്നിവിടങ്ങളിലേയ്ക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കെയ്‌റോ, സാൻസിബാർ/ദാറുസ്സലാം എന്നിവിടങ്ങളിലേയ്ക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം 12 സ്ഥലങ്ങളിലേക്കും കമ്പനി നേരിട്ട് വിമാന സർവീസുകൾ നടത്തും. ചെന്നൈ, മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്‌നൗ, കറാച്ചി, തിരുവനന്തപുരം എന്നീ ഇന്ത്യൻ നഗരങ്ങളിലേയ്ക്കാണ് എയർലൈൻ സർവീസ് നടത്തുക.
പ്രാദേശിക സർവീസുകളിൽ മസ്‌കത്ത്-സലാല റൂട്ടിൽ പ്രതിവാരം ശരാശരി 24 ഫ്ലൈറ്റുകളും മസ്‌കത്ത് ഖസബ് റൂട്ടിൽ പ്രതിവാരം ശരാശരി ആറ് ഫ്ലൈറ്റുകളുമാണ് പറക്കുക. മസ്കത്തിൽ നിന്ന് ഫാർ ഈസ്റ്റിലേയ്ക്കുള്ള ഒമാൻ എയറിന്റെ നേരിട്ടുള്ള സർവീസുകൾ ബാങ്കോക്ക്, ക്വാലാലംപൂർ, ഫൂക്കറ്റ്, ജക്കാർത്ത, മനില എന്നിവിടങ്ങളിലേക്കാണ് നടത്തുക.