യൂറോപ്പിൽ വ്യാപകമായി ഖുർആനെ അവഹേളിക്കുന്നതിനെതിരെ അടിയന്തിര യോഗം ചേരാൻ തീരുമാനിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി). തിങ്കളാഴ്ച ജിദ്ദയിലെ ഒ.ഐ.സിയുടെ ആസ്ഥാന മന്ദിരത്തിലാണ് യോഗം ചേരുക. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയാണ് അടിയന്തിര യോഗം ചേരുക. യോഗത്തിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് ഓൺലൈനായും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
യൂറോപ്പ്യൻ രാജ്യങ്ങളിൽ തുടർച്ചയായി ഖുർആൻ കത്തിക്കുകയും കീറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേരാൻ തീരുമാനിച്ചത്. ഇത്തരം നടപടികളോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് യോഗം വിലയിരുത്തും. സ്വീഡനിൽ ഖുർആൻ കത്തിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ രണ്ടിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ജിദ്ദയിൽ യോഗം ചേർന്നിരുന്നു. എന്നാൽ തുടർന്നും ഡെന്മാർക്കിലടക്കം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹയായിരിക്കും യോഗത്തിൽ അധ്യക്ഷത വഹിക്കുക.