ദോഹ എക്സ്പോയുടെ ലോഗോ പതിച്ച വാഹന നമ്പർ പ്ലേറ്റുകൾ പ്രഖ്യാപിച്ച് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വ്യാഴാഴ്ച മുതൽ ലൈസൻസ് പ്ലേറ്റുകൾ അനുവദിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. താൽപര്യമുള്ള വാഹന ഉടമകൾക്ക് നിശ്ചിത തുക ഫീസായി നൽകി ദോഹ എക്സ്പോ ലോഗോ പതിച്ച നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാം. ലളിതമായ രജിസ്ട്രേഷനിലൂടെ തന്നെ നമ്പർ പ്ലേറ്റിനായി ബുക്ക് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, പുതിയ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവർക്ക് ഫീസ് നിർബന്ധമല്ല. എന്നാൽ പ്രൈവറ്റ് ലൈസൻസ് പ്ലേറ്റുടമകൾക്ക് മാത്രമായിരിക്കും ലോഗോ ലഭ്യമാക്കുക. മാത്രമല്ല, വ്യാജമായോ ലോഗോയുടെ പകർപ്പുകൾ എടുത്തോ നമ്പർ പ്ലേറ്റുകളിൽ ലോഗോ പതിക്കുന്നത് കുറ്റകരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സമാനമായ രീതിയിൽ ലോകകപ്പ് ഫുട്ബാൾ വേളയിലും പ്രത്യേക ലോഗോ പതിച്ച വാഹന നമ്പർ പ്ലേറ്റുകൾ ട്രാഫിക് വിഭാഗം അവതരിപ്പിച്ചിരുന്നു. സ്വദേശികളും താമസക്കാരും ഉൾപ്പെടെ വാഹന ഉടമകൾക്കിടയിൽ ഇത് ഏറെ തരംഗമായി മാറുകയും ചെയ്തു.