സ്പീക്കർ എഎഎൻ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എൻഎസ്‌എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്‌ക്കെതിരെ പൊലീസ് കേസ്.
ഇന്നലെ വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര. ഇതേതുടർന്ന് ഒരുമണിക്കൂറോളം നേരം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. എൻഎസ്‌എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കന്റോൺമെന്റ് പൊലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റം. ഇതിനിടെ കേസെടുത്തതിൽ പ്രതികരിച്ച് എൻഎ്എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാർ രംഗത്തെത്തി. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് പറഞ്ഞു. ജാഥ നടത്തേണ്ടെന്ന് ആരും പറഞ്ഞില്ല. ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് എത്ര പേർ ഉണ്ടാകുമെന്ന് ചോദിച്ചിരുന്നു അതിനുള്ള മറുപടിയും നൽകിയിരുന്നുവെന്ന് സംഗീത് വ്യക്തമാക്കി.