ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുളള കേരളത്തിൽ വോട്ടർപട്ടികയിൽ ഉള്ളത് 89,839 പ്രവാസി വോട്ടർമാരെന്ന് റിപ്പോർട്ടുകൾ. ഇവിവിധ ജിസിസി രാജ്യങ്ങളിലായി പ്രവാസജീവിതം നയിക്കുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും.
തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്കും പ്രവാസലോകത്തുനിന്ന് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് പ്രവാസി സംഘടനകൾ നടത്തുന്നത്. വോട്ടർ പട്ടിക പരിശോധിച്ചും മറ്റും ആളുകളെ കണ്ടെത്തുന്നതിൻ്റെ തിരക്കിലാണ് രാഷ്ട്രീയപാർട്ടികളുടെ കീഴിലുളള ഗൾഫ് മേഖലയിലെ സംഘടനകൾ.
ഗൾഫ് മേഖല കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കൺവൻഷനുകളും സംഘടിപ്പിക്കുന്നുണ്ട്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കുവൈത്തിൽ ഇതിനികം ഇരുപത് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഒഐസിസിയും പ്രത്യേക പരിപാടികൾ നടത്തിവരികയാണ്.
89,839 പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 സ്ത്രീ വോട്ടർമാരും ഉണ്ടെന്നാണ് കണക്കുകൾ. ഒമ്പതുപേർ ട്രാൻസ്ജെൻഡർ വിഭാഗത്തിലാണ്. ഏറ്റുവും കൂടുതൽ വോട്ടർമാരുളളത് കോഴിക്കോട്ടുനിന്നാണ്. 35,793 പേരാണ് കോഴിക്കോടുനിന്നുളളത്.
മലപ്പുറത്തും കണ്ണൂരിലും യഥാക്രമം 15,121ഉം 12,876ഉം പ്രവാസി വോട്ടർമാരാണുള്ളത്. വയനാട്ടിൽനിന്നും 779 പ്രവാസി വോട്ടർമാരുണ്ട്.325 പ്രവാസി വോട്ടർമാരുമായി ഇടുക്കിയാണ് പട്ടികയിൽ പിന്നിൽ.