അൽ ഐനിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരു അറിയിപ്പ്. അൽ ഐനിലെ മൂന്ന് റോഡുകൾ മൂന്ന് മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചിരിക്കുകയാണ്. അറിയിപ്പ് പ്രകാരം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ ഭാഗികമായി അടച്ചിടും. അൽ ഐനിലെ മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിൽ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകൾ മെയ് 12 ഞായറാഴ്ച്ച മുതൽ ജൂൺ 16 ഞായറാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകൾ മെയ് 12 ഞായറാഴ്ച്ച മുതൽ ജൂൺ 12 ബുധനാഴ്ച വരെയായിരിക്കും ഭാഗികമായി അടച്ചിടുക. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനമോടിക്കുന്നവർ ജാഗ്രതയോടെയും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.