എയർ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ ‘മഹാരാജ’ മാറുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ റീബ്രാൻഡിംഗിന്റെ ഭാഗമായാണ് മഹാരാജയെ ഒഴിവാക്കുന്നത്. എയർ ഇന്ത്യ ചാർട്ടേഴ്‌സിന്റെ ചെയർമാനായിരുന്ന ബോബി കൂക്കയാണ് ‘മഹാരാജ’ ഡിസൈൻ ചെയ്തത്. പാകിസ്ഥാനിൽ നിന്നുള്ള വ്യവസായിയായ സയ്യിദ് വാജിദ് അലിയാണ് മഹാരാജിന്റെ കൂർത്ത മീശയ്ക്ക് പ്രചോദനമായതെന്നാണ് റിപ്പോർട്ട്. 76 വർഷം എയർ ഇന്ത്യയുടെ മുഖമായിരുന്നു മഹാരാജ.
വൃത്താകൃതിയിലുള്ള മുഖം, വലിപ്പം കൂടിയ നീണ്ട മൂർച്ചയുള്ള മീശ, ചുവപ്പും മഞ്ഞയും വരകളോട് കൂടിയ ഇന്ത്യൻ തലപ്പാവ്, രാജാവിനെപ്പോലെയുള്ള വ്യക്തിത്വം- ഇതായിരുന്നു എയർ ഇന്ത്യയുടെ മഹാരാജ എന്ന ചിഹ്നം
എയർപോർട്ട് ലോഞ്ചുകൾക്കും പ്രീമിയം ക്ലാസുകൾക്കും ‘മഹാരാജ’ ചിത്രം ഉപയോഗിക്കുന്നത് എയർ ഇന്ത്യ തുടർന്നേക്കാം. ലോകപ്രശസ്തമായ ലോഗോ രൂപകൽപന ചെയ്തത് 1946ലാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ ചുവപ്പ്, വെള്ള, പർപ്പിൾ നിറങ്ങളുടെ പുതിയ ചിഹ്നം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.