പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി ലഭ്യമായി. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷനുമായി ചേർന്ന് 2025 മുതൽ സർവിസ് നടത്താനാണ് തീരുമാനം. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻഒസി ലഭ്യമായത്. എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു പുതിയ വിപ്ലവം തന്നെ ഉണ്ടാകുമെന്ന് അഫി അഹമ്മദ് പറഞ്ഞു. ആദ്യഘട്ടത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ് നടത്തുക. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങൾ ഉപയോഗിക്കും.
പ്രവാസിമലയാളികളുടെ വിമാനയാത്ര ക്ലേശങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ കഴിയുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട വ്യക്തമാക്കി. വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
കമ്പനി യാഥാർഥ്യമാകുന്നതോടെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുന്നാണ് നിഗമനം. പ്രധാന തസ്തികകളിലേക്ക് നിയമനം പുരോഗമിക്കുകയാണ്.ഒരു വർഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം മുതൽ മുടക്കി എയർകേരള ഡോട് കോം എന്ന ഡൊമൈൻ സ്വന്തമാക്കിയത്. വാർത്ത സമ്മേളനത്തിൽ കമ്പനി പ്രധിനിധികളും പങ്കെടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc