ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി സന്ദര്‍ശകർക്ക് നിയന്ത്രണമേർപ്പെടുത്തി ഖത്തര്‍. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ വിവിധ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിപ്പ്. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുകയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാദിസെയില്‍ ഏരിയയിലെ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മാധ്യമവിഭാഗം മേധാവിയും പബ്ലിക് റിലേഷന്‍സ് ഡയരക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത, ചാമ്പ്യന്‍ഷിപ്പുകളുടെ സുരക്ഷാനിയന്ത്രണ കമാന്‍ഡറുടെ ഓഫീസ് ഡയരക്ടര്‍ കേണല്‍ ജാസിം അല്‍സഈദ് എന്നിവരാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഫിഫ ലോക കപ്പ് വിജയകരമായി നടത്താന്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ പൗരന്മാര്, താമസവിസയുള്ളവര്‍, ഖത്തര്‍ വിസയുള്ള ജിസിസി പൗരന്മാർ എന്നിവർക്ക് നിയന്ത്രണം ബാധകമല്ല. 2022 ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശന വിസകള്‍ വീണ്ടും നൽകിത്തുടങ്ങും.
വീടുകളിലെ ആയമാര്‍ ഉള്‍പ്പടെ വ്യക്തിഗത റിക്രൂട്ട്മെൻ്റ് വിസക്കാര്‍ക്കും മറ്റു പ്രത്യേക പ്രവേശന അനുമതിയുള്ളവര്‍ക്കും ഇളവുകളുണ്ടാവും. ഔദ്യോഗിക ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള അംഗീകാരം അടിസ്ഥാനമാക്കി പ്രത്യേക മാനുഷിക പരിഗണന ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്കും ഇളവ് ലഭിക്കും. ഇവര്‍ക്ക് വിമാനത്താവളം വഴിയുള്ള പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുണ്ട്. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ രാജ്യത്ത് താമസിക്കാനാവുമെന്നും മന്ത്രാലയം വിശദീകരിച്ചു.