അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിക്ക് ഇടക്കാല സ്റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് നടപടി.
ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് കേസിൽ വാദം കേട്ടത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുൽ ഗാന്ധിയും തൻറെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
ഏപ്രിൽ 20ന് അപകീർത്തി കേസിൽ രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം.