ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാതിക്രമ കേസിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണ് ദില്ലി പൊലീസ്.
കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ദില്ലി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്. ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു.