ലോകകപ്പ് ഫുട്ബാളിന് ആരാധകർ ഖത്തറിലേക്ക് ഒഴുകിയെത്തിയത് ഹയ്യ കാർഡ് ഉപയോഗിച്ചായിരുന്നു. ലോകകപ്പിന്റെ ഭാഗമായി അനുവദിച്ച ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും പിന്നീട് പ്രവാസികൾക്ക് നൽകി. ഹയ്യ കാർഡ് ഉപയോഗിച്ച് രാജ്യത്ത് എത്താനുള്ള വിസയുടെ കാലാവധി ഫെബ്രുവരി 10ഓടെ അവസാനിച്ചിരിക്കുകയാണ്. എന്നാൽ ഫെബ്രുവരി പത്തിന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവർക്ക് 24 വരെ ഖത്തറിൽ തുടരാൻ കഴിയും. ജനുവരി പത്തിന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസയുടെ കാലാവധി ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. തീയതി കഴിഞ്ഞതിനു പിന്നാലെ നേരത്തെയുള്ള ഹയ്യ വിസക്കാർക്ക് കാലാവധി അവസാനിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ അറിയിപ്പുകൾ വന്നുതുടങ്ങിയിട്ടുണ്ട്.
അതേസമയം ടൂറിസ്റ്റ് വിസകളായ ഹയ്യ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലോകകപ്പിന് പിന്നാലെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തിക്കൊണ്ട് 2022 ജനുവരിയിലാണ് ഹയ്യ വിസയുടെ കലാവധി ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. കൂടാതെ വിദേശ കാണികളായ ഹയ്യ വിസ ഉടമകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലെത്തിക്കാനായി ‘ഹയ്യ വിത് മി’ എന്ന വിസയും അനുവദിച്ചിരുന്നു.
ഹയ്യ വിത് മി വഴി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഖത്തറിൽ സന്ദർശനം നടത്തിയത്. ഹയ്യ, ഹയ്യ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നവര്‍ ഫെബ്രുവരി 24നകം മടങ്ങണം. അല്ലാത്ത പക്ഷം ഇവർക്ക് നിയമനടപടി നേരിടേണ്ടി വരും.