ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ ട്രക്ക് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മഴയും പുഴയിലെ ജലനിരപ്പും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല.
പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ വ്യക്തമാക്കിയതിന് പിന്നാലെ അത് അർജുന്റെ ട്രക്കാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. ഇതോടെ നാവിക സേനാ സംഘം തത്കാലം തിരച്ചിൽ അവസാനിപ്പിച്ച് കരയിലേയ്ക്ക് മടങ്ങുകയായിരുന്നു.
നിലവിൽ ട്രക്കുള്ളത് 15 അടി താഴ്ചയിലാണെന്ന് അധികൃതർ വ്യക്തമാക്കി. കരയ്ക്കും മണൽ കുനയ്ക്കും ഇടിയിലാണെന്നാണ് വിവരം. ട്രക്ക് ഉള്ള സ്ഥലം കൃത്യമായി പോയിന്റ് ചെയ്തതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. മഴ മാറുന്നതിനനുസരിച്ച് രക്ഷാപ്രവർത്തനം തുടരാനാണ് നീക്കം.