തനിക്കെതിരായ ലൈംഗികാരോപണം ചതിയാണെന്നും പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് നടൻ നിവിൻ പോളി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിൻ പരാതി നൽകി. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തനിക്കെതിരായ പീഡന പരാതിയിൽ വിശമായ അന്വേഷണം വേണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടു.
ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷിനാണ് താരം പരാതി സമർപ്പിച്ചത്. സിനിമാ മേഖലയിലുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും നിവിൻ പോളിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദ്ധാനം ചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ വാർത്താസമ്മേളനത്തിൽ നിവിൻ ഇക്കാര്യം നിഷേധിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം നിവിൻ തങ്ങൾക്കൊപ്പം സിനിമാ സെറ്റിലുണ്ടായിരുന്നെന്ന് വിനീത് ശ്രീനിവാസൻ, പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിവിൻ നേരിട്ട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.