സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.
മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.