വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ്‌എഫ്‌ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. ഇന്ന് പുലർച്ചെ കോട്ടയത്തെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നുമായിരുന്നു നിഖിലിനെ പോലീസ് പിടികൂടിയത്. കോഴിക്കോട്ട് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന നിഖിലിനെ കെ.എസ്.ആർ.ടി.സി. ബസിൽ ഇരിക്കുമ്പോഴായിരുന്നു പിടിയിലായത്.
കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് ബസ് കയറിയ നിഖിലിനെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. രണ്ടുദിവസം മുമ്പ് വർക്കലയിലെ റിസോർട്ടിൽ നിഖിലിന് താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്ത എസ്‌എഫ്‌ഐ പ്രവർത്തകരായ കൂട്ടുകാർ കഴിഞ്ഞ ദിവസം ചേർത്തല കുത്തിയതോട്ടിൽ നിന്നും പിടിയിലായിരുന്നു. കൂട്ടുകാരെ കസ്റ്റഡിയിലെടുത്തതാണ് നിഖിലിനെ പിടിക്കാൻ കാരണമായത്.
ഇവരിൽ നിന്നും കിട്ടിയ വിവരം വെച്ച് പോലീസ് നിഖിലിനെ പിന്തുടരുകയായിരുന്നു എന്നാണ് വിവരം. ഇയാളെ കായംകുളം പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും. വിവാദമുണ്ടായ അഞ്ചു ദിവസത്തിന് ശേഷമാണ് നിഖിൽ കുടുങ്ങുന്നത്. വ്യാജരേഖ ഉണ്ടാക്കിയതായി തെളിഞ്ഞതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. വിവാദത്തെ തുടർന്ന് നിഖിലിനെ എസ്‌എഫ്‌ഐയും സിപിഎമ്മും പുറത്താക്കിയിരുന്നു. കായംകുളത്തെ എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് സിപിഎം കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്നു.