ഗിന്നസ് റെക്കോർഡ് നേടാനായി യുവാവിൻ്റെ സാഹസികത. ഒരാഴ്ച നിറുത്താതെ കരഞ്ഞ യുവാവിന് ഒടുവിൽ കാഴ്ച ശക്തി നഷ്ടമായി. ഭാഗികമായി നഷ്ടമായ കാഴ്ച മണിക്കൂറുകൾക്ക് ശേഷമാണ് തിരികെ കിട്ടിയത്. നൈജീരിയക്കാരനായ ടെംബു എബൈറെ എന്ന യുവാവിനാണ് ദുരവസ്ഥ നേരിട്ടത്.
ഏഴുദിവസം തുടർച്ചയായി കരഞ്ഞ് റെക്കോർഡ് സ്വന്തമാക്കാനായിരുന്നു യുവാവിൻ്റെ ലക്ഷ്യം. പ്രകടനം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് കാഴ്ച വില്ലനായെത്തിയത്. തുടക്കത്തിൽ തലവേദനയും ക്ഷീണവും അനുഭവപ്പെടുകയും പിന്നീട് മുഖവും കണ്ണും വീർത്തുവരികയുമായിരുന്നു.
ഇതോടെ യുവാവിനെ ആശുപത്രിയിലാക്കി. കാഴ്ച വീണ്ടെടുക്കാനായെങ്കിലും കരച്ചിൽ കണ്ണുകളെ സാരമായി ബാധിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഗിന്നസ് അധികൃതർക്ക് അപേക്ഷ നൽകാതെയായിരുന്നു യുവാവിൻ്റെ സാഹസം. ആരോഗ്യം അവശതയിലെത്തിയതോടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. ഇനിയും ശ്രമം നടത്തിയാൽ കാഴ്ച സ്ഥിരമായി നഷ്ടമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതും യുവാവിന് തിരിച്ചടിയായി.