യുഎഇയിൽ പുതിയ ട്രാഫിക് നിയമ ലംഘനങ്ങൾ പ്രഖ്യാപിച്ചു. നിയമ ലംഘകർക്ക് 2000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ സുരക്ഷ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു. പ്രത്യേകിച്ച് മഴയും അസ്ഥിരവുമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിലാണ് നിയമം കർശനമായി പാലിക്കേണ്ടത്.
പുതിയ നിയമങ്ങൾ
മഴയുള്ള കാലാവസ്ഥയിൽ താഴ്വരകൾക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപം ഒത്തുകൂടുന്നതിന് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ അപകടത്തിന്റെ തോത് പരിഗണിക്കാതെ വെള്ളപ്പൊക്കമുള്ള താഴ്വരകളിൽ പ്രവേശിക്കുന്നതിന് 2,000 ദിർഹവും പിഴ ചുമത്തും. ഒപ്പം 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടാനും നിയമത്തിൽ പറയുന്നു.
ഗതാഗതം നിയന്ത്രിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങൾ,ദുരന്തങ്ങൾ,പ്രതിസന്ധികളിലും മഴയിലും സഞ്ചരിക്കുന്ന ആംബുലൻസ്, റെസ്ക്യൂ വാഹനങ്ങൾ എന്നിവയെ തടയുന്നതിനും1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടലും ഉണ്ടാവും. രാജ്യത്ത് മഴ പെയ്യുന്ന സമയങ്ങളിൽ കാലാവസ്ഥ ആസ്വദിക്കാൻ പർവതപ്രദേശങ്ങളിലേക്ക് പോകുന്നത് നിവാസികൾക്കിടയിൽ സാധാരണമാണ്.
കഴിഞ്ഞ വർഷം രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ മഴ പെയ്തപ്പോൾ നൂറുകണക്കിന് ആളുകളെ രക്ഷിക്കാൻ ഒന്നിലധികം എമർജൻസി റെസ്പോൺസ് ടീമുകൾക്ക് രാപ്പകലില്ലാതെ പ്രവർത്തിക്കേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങളിൽ ട്രാഫിക് നിയമത്തിലെ ഭേദഗതികൾ നിലവിലുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുകയും നിർദ്ദേശങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കുന്നതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.