ജിപിഎസും ഇന്ററാക്ടീവ് ഡിജിറ്റല്‍ മാപ്പുകളും ഉപയോഗിച്ച് തീര്‍ഥാടകരെ പുണ്യ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിശുദ്ധ ഹറമില്‍ എത്തുന്നവര്‍ക്ക് പള്ളിയുടെ വിവിധ ഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കി ചുറ്റും സഞ്ചരിക്കുന്നതിന് സഹായിക്കുന്നതിനായാണ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മാപ്പ് സേവനം പ്രധാനമായും ലക്ഷ്യമിടുന്നത്.
വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന ഒരു ബഹുഭാഷാ പേപ്പര്‍ ഗൈഡ് സ്‌കാന്‍ ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താനാകും. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് വിശുദ്ധ പള്ളികളുടെ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ദി അഫയേഴ്‌സ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. മത്താഫ്, സഈഅ് ഏരിയകള്‍ ഉള്‍പ്പെടെയുള്ള മതപരമായ കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനായി അവിടങ്ങളിലേക്കുള്ള ദിശകള്‍ കാണിക്കുന്നതിനും ഇത് സഹായകമാകും.