സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്.വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കല്‍ സേവനങ്ങളുമാണ് പുതുതായി ആപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ ആപ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാനും ഇൻഷുറൻസ് പുതുക്കാനും കഴിയും. ട്രാഫിക് വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്.
അതേസമയം സ്വദേശി പൗരന്മാര് സിവിൽ സർവിസ് കമീഷൻ ഉദ്യോഗസ്ഥരെ കാണുന്നതിന് സഹൽ വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് ആപ് വഴി ലഭിക്കുക. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് ആപ് ഒരുക്കിയിട്ടുള്ളത്.