മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ റൺവേ. തെക്കൻ റൺവേയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒമാൻ വിഷൻ 2040ന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ റൺവേ തുറന്നത്. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ വികസനം.
പുതിയ റൺവേ, വിമാന ഗതാഗതം വർധിപ്പിക്കുകയും സുഗമമായ ടേക്ക് ഓഫ്, ലാൻഡിങ് പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കും. എ 380 ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതുതായി ഉദ്ഘാടനം ചെയ്ത റൺവേ. ഇതോടെ വൈവിധ്യമാർന്ന വ്യോമയാന ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്ക് ശബ്ദമലിനീകരണം ഒഴിവാക്കുന്നതിന് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്താണ് റൺവേ ഒരുക്കിയിരിക്കുന്നത്.
പ്രത്യേകതകൾ തീരുന്നില്ല! വിമാനത്തിന്റെ ചലനങ്ങളിൽ ഒപ്റ്റിമൽ വേഗത്തിനും വഴക്കത്തിനും വേണ്ടിയുള്ള സംവിധാനവും റൺവേയിൽ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രകാശിക്കുന്ന എൽ.ഇ.ഡി ലൈറ്റിങ് സംവിധാനമാണ് മറ്റൊരു സവിശേഷത. ഇതിന്റെ ഉപയോഗത്തിലൂടെ ഊർജ സംരക്ഷണത്തിന് സംഭാവന ചെയ്യാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. നാല് കിലോമീറ്റർ നീളവും 45മീറ്റർ വീതിയുമുള്ള റൺവേയിൽ ഏറ്റവും പുതിയ നിയന്ത്രണ ഉപകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
വിമാനത്താവള സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പുതിയ സർവിസ് റോഡുകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ എയർപോർട്ട് ഏപ്രണിൽ നാവിഗേഷനായി ഗ്രൗണ്ട് ലൈറ്റിങ് സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം, അടിയന്തര സാഹചര്യങ്ങളിൽ വിമാനം ലാൻഡ് ചെയ്യാൻ ഉപയോഗിക്കുന്ന നിലവിലെ ഓട്ടോമേറ്റഡ് ലാൻഡിങ് സിസ്റ്റം ഉപകരണങ്ങളും കാലാവസ്ഥാ ഉപകരണങ്ങളും പുനഃക്രമീകരിക്കുകുയും ചെയ്തതാണ് മറ്റ് സവിശേഷതകൾ.
എയർപോർട്ട് ഓപറേറ്റർമാരുമായും മറ്റ് സേവന ദാതാക്കളുമായും ഏകോപിപ്പിച്ചുകൊണ്ട് പുതിയ ഉപകരണങ്ങളുടെ സാങ്കേതികവും പ്രവർത്തനപരവുമായ പരിശോധനകളാണ് അവസാന ഘട്ടത്തിൽ നടന്നത്. പുതുതായി തുറന്ന തെക്കൻ റൺവേയിൽ ആദ്യമായി ഇറങ്ങിയെന്നഅഭിമാനം സലാം എയർ വിമാനത്തിന് സ്വന്തം. ബാഗ്ദാദിൽനിന്നുള്ള ഒ.വി. 338 വിമാനമാണ് പുതുതായി തുറന്ന റെയിൽവേയിൽ ഇറങ്ങിയത്.