പാർലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ന്യൂഡൽഹിയിലെ പ്ലോട്ട് നമ്പർ 118ൽ നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപം, കിഴക്കു ഭാഗത്തായാണ് പുതിയ പാർലമെന്റ് മന്ദിരവും സ്ഥിതി ചെയ്യുന്നത്.
പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 65000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ബിമൽ പട്ടേൽ എന്ന ആർക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈൻ രൂപകല്പന ചെയ്തത്. 888 അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ലോക്സഭയും 384 സീറ്റുകൾ അടങ്ങുന്ന രാജ്യസഭയുമാണുള്ളത്. സംയുക്ത സമ്മേളനങ്ങളുടെ സമയത്ത് 1272 അംഗങ്ങൾക്ക് വരെ ഇരിക്കാൻ കഴിയും. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയുള്ള നിർമ്മാണമാണ് നടന്നിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
അതേസമയം രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇന്നത്തെ അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തി. പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും ഇത്. നാളെ ലോക്സഭ ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും. വനിത സംവരണ ബിൽ കോൺഗ്രസിൻറെതെന്ന് സോണിയ ഗാന്ധി രാവിലെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ബില്ലെന്ന് എംപി രഞ്ജീത്ത് രഞ്ജനും പറഞ്ഞു.