സംസ്ഥാനത്ത് ഇരുചക്ര വാഹനത്തിലും കാറിലും കുട്ടികളുടെ സുരക്ഷ നിർബന്ധമാക്കി ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു. ഇതിനായി 4 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റും ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കി. ഡിസംബർ മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
നാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻസീറ്റിൽ പ്രായത്തിന് അനുസരിച്ച്, ബെൽറ്റ് ഉൾപ്പടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. നാല് മുതൽ 14 വയസ് വരെയുള്ള, 135 സെൻ്റീ മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികളെ കാറിൻ്റെ പിൻസീറ്റിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് വേണം ഇരുത്താൻ. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കുകയും വേണം.
4 മുതൽ 14 വയസുവരെ കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കി. കുട്ടികളെ മാതാപിതാക്കളുമായി ചേർത്ത് വയ്ക്കുന്ന സുരക്ഷാ ബെൽറ്റ് ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുട്ടികൾ ഉറങ്ങിപ്പോയി അപകമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.
ഘട്ടംഘട്ടമായിട്ടാണ് നിർദ്ദേശങ്ങൾ നടപ്പാക്കുക. ഒക്ടോബർ വരെ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണവും നവംബറിൽ മുന്നറിയിപ്പും നൽകും. തുടർന്ന് ഡിസംബർ മുതലാണ് പിഴ ഈടാക്കിത്തുടങ്ങുക. നിയമലംഘകർക്കെതിരെ 1,000 രൂപയാണ് പിഴ ചുമത്തുക.