സംസ്ഥാന അബ്കാരി നയം 2023-24ന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമായും മൂന്ന് മേഖലകളാണ് നയത്തിലുള്ളത്. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നൽകാനും തീരുമാനമായി. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്.
കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഉൽപാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. തെങ്ങിൽ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും.കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും.
മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും, വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസ്സോർട്ടുകൾക്കും അതാത് സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികൾക്ക് നൽകുന്നതിന് അനുവാദം നൽകും. അതാത് ദിവസങ്ങളിലെ വിൽപ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത് കൃത്യമായി നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം നടപ്പിലാക്കും
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയർന്ന ബ്രാൻഡ് രജിസ്ട്രേഷൻ ഫീസും എക്സ്പോർട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീകരിക്കും.
സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ മദ്യ ഉദ്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാർ ഡിസ്റ്റിലറിയിലെ മദ്യ ഉൽപാദനം ഈ വർഷം ആരംഭിക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതാണ്. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾക്ക് ടൂറിസം സീസണിൽ മാത്രം ബിയർ വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും.
സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകൾക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നുപ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും.ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകൾക്ക് മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർലൈസൻസ് പുതുക്കി നൽകും. ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകൾക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും. ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർദ്ധിപ്പിക്കും. സീ-മെൻ, മറൈൻ ഓഫീസേഴ്സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് (FL-4) 50,000ൽ നിന്ന് 2,00,000/- രൂപയായി വർദ്ധിപ്പിക്കും.
സംസ്ഥാന ബെവ്റിജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്ന നടപടികൾ ഈ വർഷം പൂർത്തിയാക്കി, മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കും.