യുഎഇയിൽ ഇനി അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ പൊലീസിന് അതിവേഗം കൈമാറാം. ഇതിനായി ഇ-കോൾ സംവിധാനം എന്ന പേരിൽ ആരംഭിച്ച വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ചട്ടങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
എമർജൻസി സേവനങ്ങളുടെ പ്രതികരണ സമയം 40 ശതമാനം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഇ-കോൾ സംവിധാനം ആരംഭിച്ചത്. ഈ സംവിധാനമാണ് ഇപ്പോൾ കൂടുതൽ കാര്യക്ഷമമാക്കുന്നത്. വാഹനങ്ങളിൽ ഇ-കോൾ സംവിധാനം ഘടിപ്പിച്ചിരിക്കുന്നതിനാൽ വാഹനത്തിനുള്ളിലെ സെൻസറുകൾ ഗുരുതരമായ അപകടം കണ്ടെത്തിയാൽ ഉടൻ പൊലീസിന് അടിയന്തര സന്ദേശം അയക്കും. വാഹനത്തിൻ്റെ മോഡൽ, സ്ഥലം, ഇന്ധന തരം, വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് കൈമാറുക.
2021-ൽ അബുദാബിയിലാണ് ആദ്യമായി ഇ-കോൾ സംവിധാനം ആരംഭിച്ചത്. പിന്നീട് രാജ്യമൊട്ടാകെ വ്യാപിക്കുകയായിരുന്നു. ഈ സംവിധാനം അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ റോഡുകളിലെ മരണസംഖ്യ 2 മുതൽ 10 ശതമാനം വരെ കുറയ്ക്കാനും ഗുരുതരമായ പരിക്കുകൾ ഏൽക്കുന്നവരുടെ എണ്ണം 2 മുതൽ 15 ശതമാനം വരെ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.