ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിനെ ദുബായ് മീഡിയ കൗൺസിലുമായി അഫിലിയേറ്റ് ചെയ്യുന്ന പുതിയ ഉത്തരവിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങൾ, ചുമതലകൾ, സംഘടനാ ഘടന എന്നിവ വ്യക്തമാക്കിയാണ് ഉത്തരവ്.
ദുബായിയുടെ ആഗോള മീഡിയ ഹബ്ബ് ആക്കി മാറ്റുക, അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് വൈവിധ്യമാർന്ന ഉള്ളടക്കങ്ങളും സേവനങ്ങളും വിതരണം ചെയ്യുക, ദുബായ് മീഡിയ കൗൺസിലിന്റെ തന്ത്രപരമായ പദ്ധതികൾ അനുസരിച്ച് മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുക, കൂടുതല്‍ എമിറാത്തി യുവാക്കൾക്ക് മാധ്യമരംഗത്തെ തൊഴില്‍ സാധ്യതകൾ ഒരുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു.
ഷെയ്ഖ് ഹാഷർ ബിൻ മക്തൂമിനെ ഡിഎംസി ചെയർമാനായും മുഹമ്മദ് സുലൈമാൻ അൽ മുല്ലയെ ഡിഎംഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചു. അൽ സുവൈദിയാണ് സഹമന്ത്രി.
2003 ലെ നിയമ നമ്പർ (8) അനുസരിച്ച് DMI സ്ഥാപിതമായത് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നിയമപരമായ വ്യക്തിത്വവും അധികാരവുമുള്ള ഒരു പൊതു സ്ഥാപനമാണ്. ഡിഎംഐയുടെ വിവിധ മേഖലകൾ വികസിപ്പിക്കുന്നതിനും ആഗോള മാനദണ്ഡങ്ങൾ സജ്ജീകരിക്കുന്നതിന് എമിറേറ്റിലുടനീളമുള്ള മാധ്യമ പ്രവര്‍ത്തനങ്ങൾ ഏകീകരിക്കുന്നതിനും ഡിഎംെഎ- ഡിഎംസി സംയോജനം ഫലം ചെയ്യുമെന്നാണ് വിലയിരുത്തല്‍.