അന്ധർക്കും ഉപയോഗിക്കാൻ എളുപ്പമുള്ള 1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിൽ രൂപകൽപന ചെയ്ത നാണയത്തിന് മേൽ എകെഎഎം എന്ന ലോഗോയും പതിച്ചിട്ടുണ്ട്.
400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയവും പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ് 400 രൂപയുടെ നാണയം പുറത്തിറക്കിയത്.
അതേസമയം മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളിൽ നിന്ന് മാറ്റില്ലെന്ന് റിസേർവ് ബാങ്ക് അറിയിച്ചു. അത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് ആർബിഐ. ടാഗോറിന്റെയും കലാമിന്റെയും ചിത്രങ്ങൾ പതിച്ച നോട്ടുകൾ ഇറങ്ങുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇവയൊക്കെ നിഷേധിച്ചു ആർബിഐ രംഗത്തെത്തി.