മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും അവരുടെ മാതൃ രാജ്യങ്ങളിലേക്ക് സുരക്ഷിതമായ തിരിച്ചയക്കുന്നതും ഈ ഭേദഗതിയിൽ ഉൾപ്പെടുന്നു. പ്രേരണ കുറ്റകരമാക്കുകയും കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായും വിദേശത്തും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള സമഗ്ര പദ്ധതി വഴി രാജ്യം മനുഷ്യക്കടത്ത് നിരോധിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
മനുഷ്യക്കടത്ത് തടയുകയും കടത്തുകാരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും അതിജീവിച്ചവരുടെ സംരക്ഷണവും ഉറപ്പ് മന്ത്രാലയം വരുത്തുന്നുണ്ട്. കൂടാതെ മനുഷ്യക്കടത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി യുഎഇയിൽ ഉടനീളം ഷെൽട്ടറുകളും ആരംഭിക്കും. അതേസമയം കുറ്റ കൃത്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ഇരകളെയും ദൃക്‌സാക്ഷികളെയും സഹായിക്കുകയും ചെയ്യും. കുറ്റവാളികൾക്ക് കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചുരുങ്ങിയത് അഞ്ച് വർഷം തടവും ലഭിക്കുന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുന്നു.
മനുഷ്യകടത്ത് തടയുന്നതിനും കുറ്റകൃത്യത്തിന് ഇരയായവർക്കുള്ള സഹായം വർധിപ്പിക്കുന്നതിനുമായി യുഎഇ നിരവധി രാജ്യങ്ങളുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മനുഷ്യക്കടത്ത് മിക്കപ്പോഴും ഇരകളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് ആരംഭിക്കുന്നതിനാലാണ് വിവിധ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവച്ചത്. 2007ലെ കാബിനറ്റ് തീരുമാന പ്രകാരമാണ് മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി സ്ഥാപിതമായത്. വിവിധ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നുള്ള 18 പ്രതിനിധികൾ ഈ സമിതിയിൽ ഉൾപ്പെടുന്നു.