ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറലായി അലി അൽ ഷംസിയെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്. 2014 മുതൽ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച അലി അൽ ഷംസി 2021 ഒക്ടോബറിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ ബോർഡ് ഡയറക്ടറും എമിറേറ്റ്‌സ് ഡിപ്ലോമാറ്റിക് അക്കാദമിയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമാണ് നിലവില്‍ അൽ ഷംസി. നേരത്തെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച സെയ്ഫ് അൽ ആര്യാനിയെ പ്രസിഡൻഷ്യൽ കോടതിയിൽ മന്ത്രി പദവിയോടെ ഉപദേശകനായും ശൈഖ് മുഹമ്മദ് നിയമിച്ചിരുന്നു.
രണ്ട് ഉത്തരവുകളും ഇഷ്യു ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വന്നു. ഉത്തരവുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടുചെയ്തു.