സുഗമമായ യാത്രയ്ക്ക് വേണ്ടി അജ്‌മാനിലെ ടാക്‌സി ഡ്രൈവർമാർക്കായി ‘കാബി’ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുചടെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്റെ പ്രാരംഭ ഘട്ടം ആരംഭിച്ചത്. ഡ്രൈവർമാരുടെ ജോലി കാര്യക്ഷമവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അജ്‌മാനിലെ ഫ്രാഞ്ചൈസി കമ്പനികൾക്കായി പ്രവർത്തിക്കുന്ന ഡ്രൈവർമാർക്കായാണ് ആപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്നത്. അജ്മാനിലെ ടാക്സി ഡ്രൈവർമാർക്കുള്ള പ്രാഥമിക പ്ലാറ്റ്ഫോമായാണ് കാബി ആപ്ലിക്കേഷൻ പ്രവർത്തിക്കുകയെന്ന് അതോറിറ്റിയുടെ സപ്പോർട്ട് സർവീസസ് കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷ ഖലഫ് അൽ ഷംസി വ്യക്തമാക്കി.
ട്രിപ്പ് വരുമാനം ട്രാക്കുചെയ്യൽ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളുമായാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിവേഗത്തിൽ വിരൽതുമ്പിലെത്തുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.