റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പിലാക്കുന്ന വൺ ബില്യൺ മീൽസ് എൻഡോവ്‌മെൻ്റ് കാമ്പെയ്നാണ് പിന്തുണ നൽകിയ ബിസിനസ് സംരഭകരെ അഭിനന്ദിച്ച് യുഎഇ. ദുബായ് ഓപ്പറയിൽ സംഘടിപ്പിച്ച മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് വാർഷിക സമ്മേളനത്തിലും ഇഫ്താർ വിരുന്നിനും ഇടയിലായിരുന്നു ആദരം.
കാമ്പെയ്ന് പിന്തുണയായി രംഗത്തെത്തിയ നെസ്റ്റോ ഗ്രൂപ്പ് അഞ്ച് വർഷത്തേക്ക് 10 ദശലക്ഷം ദിർഹം സംഭാവന പ്രഖ്യാപിച്ചിരുന്നു. വാർഷിക സമ്മേളനത്തിൽ നെസ്റ്റോ വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീറിനെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
ലോകമെമ്പാടുമുളള നൂറ് രാജ്യങ്ങളിൽ പട്ടിണി അനുഭവിക്കുന്നവർക്കും നിരാലംബരായവർക്കും ഭക്ഷണവും സഹായവും എത്തിക്കാൻ ലക്ഷ്യമിട്ട് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശം അനുസരിച്ചാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് പ്രവർത്തനം ആരംഭിച്ചത്. ഈ റമദാൻ കാലത്ത് 50 രാജ്യങ്ങളിലെ വൺ ബില്യൺ ആളുകളിലേക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്ന കാമ്പെയ്നാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആദ്യ ദിനം മുതൽ നിക്ഷേപകരുടേയും ബിസിനസ് സംരഭകരുടേയും പൊതുജനങ്ങളുടേയും വൻ പിന്തുണയും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
പട്ടിണിക്കെതിരെ പോരാടുന്നതിനും സുസ്ഥിരമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് കാമ്പെയ്‌ന് പിന്തുണ നൽകുന്നതെന്നും നെസ്റ്റോ ഗ്രൂപ്പിൻ്റെ സാമൂഹ്യ പ്രതിബന്ധതയും സഹായ സന്നദ്ധതയും തുടരുമെന്നും വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീർ ആവർത്തിച്ചു. പരിപാടിയിൽ പങ്കെടുത്ത ഇതര ബിസിനസ് ഗ്രൂപ്പ് മേധാവികളേയും ഭരണാധികാരി അഭിനന്ദിച്ചു. എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചടങ്ങിൽ സംബന്ധിച്ചു.