ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സിറ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയതായി ശ്രദ്ധയിൽപ്പെട്ടത്.
ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ഇത്തവണ പ്രഖ്യാപിച്ചത്. എന്നാൽ ഇവയിൽ ഗൾഫ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്ത് പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥകളെയും ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്. യു.എ.ഇയിൽ മാത്രം നാലും (ദുബൈയിൽ രണ്ട്, ഷാർജ, അബൂദബി), സൗദി (റിയാദ്), ബഹ്റൈൻ (മനാമ), ഖത്തർ (ദോഹ), ഒമാൻ (മസ്കത്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നീ ജി.സി.സി രാജ്യങ്ങളിലായിരുന്നു പ്രവാസി വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതിയത്.
രജിസ്ട്രേഷൻ സമയത്ത് നാല് സെൻററുകൾ തെരഞ്ഞെടുത്താണ് അപേക്ഷാ നടപടി പൂർത്തിയാക്കേണ്ടത്. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാർച്ച് ഒമ്പതു വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. അതേസമയം, വിദേശരാജ്യങ്ങളിലെ സെൻററുകളെ വെട്ടിയത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഉടൻ തന്നെ ഇവ പുനസ്ഥാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസി വിദ്യാർത്ഥികൾ.