നീറ്റ് പരീക്ഷയുടെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് പ്രവാസി വിദ്യാർത്ഥികളാണ്. പരീക്ഷ കേന്ദ്രങ്ങളുടെ പട്ടിക വന്നപ്പോൾ ഗൾഫിൽ സെന്ററുകൾ ഇല്ലാതിരുന്നതായിരുന്നു ഇതിന് കാരണം. ഗൾഫിലും പരീക്ഷ കേന്ദ്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നീറ്റ് പരീക്ഷക്കുള്ള ഗൾഫ് സെൻററുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിയാദ് ഒ.ഐ.സി.സിയും രംഗത്ത് വന്നിരിക്കുകയാണ്.
മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയത് തികച്ചും അപലപനീയമാണ്. പ്രവാസി വിദ്യാർഥികളിലും രക്ഷിതാക്കളിലും ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികൾക്കും ആശങ്ക ഉണ്ടാക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ വർഷം നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഗൾഫ് മേഖലയിൽനിന്ന് അയ്യായിരത്തിലധികം വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ട് എന്ന കണക്കും ഒ.ഐ.സി.സി പുറത്ത് വിട്ടു. എത്രയും വേഗം പുതിയ പട്ടിക പുനഃസ്ഥാപിക്കാനുള്ള നടപടികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.