ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 5ന് നടക്കും. ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ പരീക്ഷാ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 25 ലക്ഷം അപേക്ഷകളാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ലഭിച്ച അപേക്ഷകളെക്കാൾ വളരെ കൂടുതലാണിത്.
അതേസമയം, 2024 ഏപ്രിൽ 19 നും ജൂൺ ഒന്നിനും ഇടയിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ പൊതു തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ നീറ്റ് 2024 പരീക്ഷ മാറ്റിവയ്ക്കാൻ നിരവധി വിദ്യാർത്ഥികളും പങ്കാളികളും NTA യോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, പരീക്ഷാ തീയതിയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് NTA സ്ഥിരീകരിക്കുകയായിരുന്നു. 2024 മെയ് 5 ന് പോളിംഗ് ഷെഡ്യൂൾ ചെയ്തിട്ടില്ല. മാത്രമല്ല, സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ അറിയിപ്പ് പ്രകാരം ഉദ്യോഗാർത്ഥികളുടെ വിരലുകളിൽ വോട്ട് മഷി പുരട്ടുന്നത് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകില്ല എന്നും എൻടിഎ വ്യക്തമാക്കി.
യുഎഇയിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ എവിടെയെല്ലാം എന്നറിയാം
1) അബൂദബി ഇന്ത്യൻ സ്കൂൾ
2) ദുബൈ ഇന്ത്യൻ ഹൈസ്കൂൾ
3)ഷാർജ ഇന്ത്യൻ സ്‌കൂൾ
യു.എ.ഇയിലെ പരീക്ഷാർഥികൾക്ക് രാവിലെ 9:30 മുതൽ ഉച്ചക്ക് 12 വരെ അവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തി റിപ്പോർട്ട് ചെയ്യാം. ഉച്ചയ്ക്ക് 12:30 നാണ് പരീക്ഷ ആരംഭിക്കുക. വൈകുന്നേരം 3:50 ന് അവസാനിക്കും. പിന്നീട് പരീക്ഷയെഴുതിയ ഓരോ വ്യക്തിയുടെയും റിസൾട്ട് വരാനുള്ള കാത്തിരിപ്പാണ്.