സാരി ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടോ? പ്രത്യേകിച്ച് മലയാളികൾ. സിനിമാ താരങ്ങളുടെ സാരി മോഡൽ നോക്കി നടക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അപ്പോൾ അവരുടെ സാരി തന്നെ സ്വന്തമാക്കാൻ അവസരം ലഭിച്ചാലോ? അങ്ങനെ ഒരു അവസരം തുറന്നു തരുകയാണ് നടി നവ്യാ നായർ. പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യ സാരി ധരിച്ച് വരാറുണ്ട്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്. പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും പലപ്പോഴും സോഷ്യൽമീഡിയയിൽ കാണാൻ സാധിക്കും.
ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ വരെയുണ്ട് നവ്യയുടെ സാരി കളക്ഷനിൽ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാൻ ആ പോസ്റ്റിനു പിന്നാലെ നവ്യ നായർ ആ സാരികൾ വിൽപ്പനയ്‌ക്കെത്തിച്ചു.
പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (Pre-Loved By Navya Nair) എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്. ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്. കാഞ്ചീപുരം സാരികളും ലിനൻ സാരികളുമാണ് വിൽപ്പനയ്ക്ക് ഇട്ടിരിക്കുന്നത്. ആദ്യം വരുന്നവർക്കാകും പരിഗണന എന്നും ക്യാപ്‌ഷനുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാൻ. ഇനി വിലക്കൂടുതലാണോ എന്ന സംശയം വേണ്ട. ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീപുരം സാരികൾ 4,000- 4,500 രൂപാ നിരക്കിൽ ലഭ്യമാവും. ബ്ലൗസ് കൂടി ചേർന്നാൽ വില അൽപ്പം കൂടും. വിശദവിവരങ്ങൾ നവ്യ പേജിൽ ലഭ്യമാക്കിയിട്ടുണ്ട്