ജീവിതത്തിന് മുന്നിൽ വിധി വില്ലനായെത്തിയെങ്കിലും തളരാതെ വിജയം കൈവരിക്കാനുറച്ച് നഷ്വ. മലയാളികൾക്ക് സുപരിചിതനായ നൗഷാദിന്റെ കൈപ്പുണ്യം നൗഷാദ് കാറ്ററിങ്ങിലൂടെ തിരിച്ചുകൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് മകളായ നഷ്വ. അച്ഛന്റെയും അമ്മയുടെയും ആകസ്മികമായ വേർപാടിൽ തളർന്നെങ്കിലും അച്ഛന്റെ സ്ഥാപനം സജീവമായി ഏറ്റെടുത്ത് നടത്താൻ തന്നെ നഷ്വ തീരുമാനിച്ചു. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം തിരുവല്ലയിൽ ഒരു ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു ഈ കുട്ടി ഷെഫ്.
പാചക വിദഗ്ധൻ, ചലച്ചിത്ര നിർമ്മാതാവ്, പാചക മത്സര വേദികളിലെ വിധികർത്താവ് എന്നീ നിലകളിലെല്ലാം തിളങ്ങിനിന്ന വ്യക്തിയായിരുന്നു നൗഷാദ്. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെയാണ് നൗഷാദ് സിനിമാ നിർമ്മാണ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, പയ്യൻസ് തുടങ്ങിയ ചിത്രങ്ങളും നൗഷാദ് നിർമ്മിച്ചിരുന്നു. മലയാളികളുടെ ഇടയിൽ ഏറെ സ്വീകാര്യനായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്നാണ് അതേമാസം തന്നെ അന്തരിച്ചത്. ഇതോടെ 13 വയസുള്ള മകൾ നഷ്വ തനിച്ചാകുകയായിരുന്നു.
എന്നാൽ പ്രായത്തിനേക്കാൾ കൂടുതൽ പക്വതയുള്ള നഷ്വ തന്റെ ഉത്തരവാദിത്വങ്ങൾ മനസിലാക്കി ജീവിതത്തിനോട് പോരാടുകയാണ്. അതിന്റെ ആദ്യപടി എന്ന നിലയിൽ നൗഷാദിന്റെ എക്കാലത്തെയും സ്വപ്നമായ നൗഷാദ് കാറ്ററിങ് തുടരാൻതന്നെ നഷ്വ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു ഇഫ്താർ വിരുന്നാണ് ഈ കൊച്ചുമിടുക്കി സംഘടിപ്പിച്ചത്. അച്ഛന്റെയും അമ്മയുടെയും ആത്മാവ് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് പറയുന്ന നഷ്വ ബിസിനസിലൂടെ ഉയരങ്ങൾ കീഴടക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.