പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി. പാലക്കാട് ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറക്ക് സമീപം വണ്ണാമട സ്വദേശി കെ.വി ജയപാലനെയാണ് വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. പശ്ചിമഘട്ടം സംരക്ഷിക്കാൻ സമൂഹവും സർക്കാരും നടപടി സ്വീകരിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ഇയാൾ സുഹൃത്തുക്കൾക്ക് വാട്സ് ആപ് സന്ദേശവും അയച്ചിരുന്നു.
കഴിഞ്ഞ ആറാം തീയതിയാണ് ജയപാലന്‍റെ വാട്സാപ്പ് സന്ദേശം സുഹൃത്തുക്കൾക്ക് ലഭ്യമാകുന്നത്. ഏഴാം തീയതി ഇയാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തനിക്ക് മറ്റ് കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതയോ ഇല്ലെന്നും ആത്മഹത്യ പ്രകൃതിക്ക് വേണ്ടിയുളള അപേക്ഷയായി പരിഗണിക്കണമെന്നും ആത്മഹത്യാകുറുപ്പിലുണ്ട്.
പ്രകൃതിയെ സ്വന്തം മാതാവായി തിരിച്ചറിയാന്‍ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും നല്‍കാത്തതുമായ ജീവിതം ആത്മഹത്യാപരമാകുമെന്ന സന്ദേശത്തിന്റെ ഗൗരവം ഉള്‍കൊള്ളാനാണ് തന്‍റെ ശ്രമമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ജയപാലന്‍ വാൽപ്പാറയിൽ സന്ദർശനം നടത്തിയിരുന്നു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).