ദേശീയ – സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കാതെപോയത് ആരാധകരെ നിരാശയിലാഴ്ത്തി. മികച്ച നടനുള്ള പോരാട്ടത്തിൽ ഫെെനൽ റൗണ്ടിലെത്തിയിരുന്നെങ്കിലും അവസാന നിമിഷം മമ്മൂട്ടി തഴയപ്പെടുകയായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അവസാന ഘട്ടത്തിൽ മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും തമ്മിൽ നടന്ന ശക്തമായ പോരാട്ടത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് റിഷഭ് ഷെട്ടിയാണ്.
2022 ജനുവരി 1-നും ഡിസംബർ 31-നും ഇടയിൽ സെൻസർ ചെയ്‌ത സിനിമകൾ പരിഗണിച്ച് 2022-ൽ പുറത്തിറങ്ങിയ സിനിമകളെയാണ് അവാർഡിനായി പരിഗണിച്ചിരുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മമ്മൂട്ടിയെ പരിഗണിച്ചിരുന്നത്. രണ്ട് ചിത്രങ്ങളും നിർമ്മിച്ചത് മമ്മൂട്ടിയുടെ സ്വന്തം കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൾ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ഇരട്ടവേഷം നിരൂപക പ്രശംസ നേടിയിരുന്നു. അതോടൊപ്പം റോഷാക്കിലെ ലൂക്ക് ആന്റണിയെ അദ്ദേഹം അവതരിപ്പിച്ചതും പ്രശംസിക്കപ്പെട്ടു.
അതേസമയം, കാന്താരയിലെ പ്രകടനവുമായി മമ്മൂട്ടിയോട് റിഷഭ് ഷെട്ടി കിടപിടിച്ചു. 2022 സെപ്തംബർ 30ന് റിലീസ് ചെയ്‌ത ചിത്രത്തിൻ്റെ രചനയും സംവിധാനവും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്. കേരളത്തിലെ ചിത്രത്തിൻ്റെ വിജയവും ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിച്ചതും അദ്ദേഹത്തിന്റെ പേരിനെ ശക്തിപ്പെടുത്തിയെന്ന് വേണം പറയാൻ. ഇതോടെ അവസാന ഘട്ടത്തിൽ അദ്ദേഹം മമ്മൂട്ടിയേക്കാൾ മുന്നിലെത്തുകയായിരുന്നു.
അതേസമയം, ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴും മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചില്ല എന്നത് ആരാധകരെ തളർത്തുകയാണ്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. അവസാന നിമിഷം വരെ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിൽ ശക്തമായ പോരാട്ടമായിരുന്നു നടന്നിരുന്നത്.