മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ നവംബർ ഒന്നിന് തുടക്കമാവും. ഹ്യുമാനിറ്റേറിയൻ വർക്കിനും യൂത്ത് അഫയേഴ്സിനും വേണ്ടിയുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി അരങ്ങേറുക. ബഹ്റൈൻ സൈക്ലിങ് അസോസിയേഷന്റെ പിന്തുണയോടെ ‘ഫാൽയാത്’ ആണ് ടൂർ സംഘടിപ്പിക്കുന്നത്.
സമൂഹത്തിനിടയിൽ സൈക്ലിങ് പ്രോത്സാഹിപ്പിക്കുക, ഗുണപരമായ വശങ്ങൾ ഉയർത്തിക്കാട്ടുക എന്നിങ്ങനെയുള്ള നിരവധി ലക്ഷ്യങ്ങൾ പരിപാടിയ്ക്ക് പിന്നിലുണ്ട്. അമേച്വർ സൈക്ലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. കൂടാതെ പൊതുജനാരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനും ടൂർ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിലൂടെ യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ ടീമുകളിൽ ഉൾപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
പ്രാദേശിക അമേച്വർ സൈക്ലിസ്റ്റുകളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ രണ്ട് എഡിഷനുകളും നടന്നത്. ഈ വർഷം അതിനേക്കാൾ മികച്ച വിജയമുണ്ടാകുമെന്നാണ് കരുതുന്നത്. വിജയികൾക്ക് 40,000 ദീനാറിന്റെ കാഷ് പ്രൈസുകളായിരിക്കും നൽകുക. നാല് ദിവസത്തെ ഇവൻറ് നവംബർ നാലിന് സമാപിക്കും. നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 6 കി.മീ., 55-65 കി.മീ., 140-155 കി.മീ., 70-80 എന്നിങ്ങനെയും 30-40 കി.മീ വനിതകൾക്കായുള്ള മത്സരവും ഉണ്ടാകും.