യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുൽത്താൻ അൽ നെയാദിക്ക് നാസയുടെ രണ്ട് പുരസ്കാരങ്ങൾ. ബഹിരാകാശ പര്യവേഷണത്തിൽ മാതൃകാപരമായ സേവനം കാഴ്ചവച്ചതിന് വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേഷണ മെഡലുമാണ് നൽകിയത്.
യുഎസിലെ ഹൂസ്‌റ്റണിൽ ജോൺസൺ സ്പേസ് സെന്ററിൽ വെച്ച നടന്ന ചടങ്ങിൽ എക്സ്പെഡിഷൻ 69 സംഘവും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ സംഘവും അവാർഡുകൾ ഏറ്റുവാങ്ങി. ബഹിരാകാശ സംഘത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകൾ മാനിച്ച് എംബിആർഎസ്‌സിയുടെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയെയും നാസ ആദരിച്ചു.
സ്പേസ് ഓപ്പറേഷൻസ് ആന്റ് എക്‌സ്‌പ്ലറേഷൻ വിഭാഗം അസി. ഡയറക്ടർ ജനറൽ അദ്നാൻ അൽ റയ്‌സ്, സ്പേസ് ഓപറേഷൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽ ബുലൂഷി എന്നിവർക്ക് ഗ്രൂപ്പ് അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി, ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.