ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ശേഷം പ്രധാനമന്ത്രി കന്യാകുമാരിയില്‍ ധ്യാനമിരിക്കും. ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്.
ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം. ജൂൺ ഒന്നിന് മടങ്ങുമെന്നാണ് സൂചന. ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയിൽ തുടരുമെന്നു പൊലീസ് അറിയിച്ചു.
2019-ലും ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ എത്തിയിരുന്നു. അന്ന് പതിനേഴ് മണിക്കൂറോളമാണ് കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ മോദി ചിലവഴിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തിയിരുന്നു.